27 February, 2022 10:56:16 AM


കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ ഗുണ്ടാ ആക്രമണം, വെടിവയ്പ്



കോഴിക്കോട്: കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും. കോഴിക്കോട് നന്‍മണ്ടയിലാണ്  സിനിമ നിര്‍മ്മാതാവിനു നേരെ  വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ്  വിൽസണ് എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടിയത്തൂർ സ്വദേശികളായ ഷാഫി,മുനീർ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.  സാമ്പത്തിക ബാധ്യത മൂലം വിൽസൺ വീട് ഈടുവച്ച് വായ്പയെടുത്തിരുന്നു. ലേലത്തിൽ പോയ വീട് ഒഴിയാൻ  വൈകിയതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നത്. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. 2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്.

വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K