26 February, 2022 12:06:59 PM
ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതിന് അടിപിടിയും കത്തികുത്തും; 3 പേര് അറസ്റ്റില്‍
കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം. പിന്നീട് അവസാനിച്ചത് അടിപിടിയിലും കത്തിക്കുത്തിലും. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍ (25), ചെറുകുളം നിഥിന് (27), അണിയങ്കര വിഷ്ണു (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയില്‍ 30,000ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമ പറയുന്നത്. കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തെ പ്രവര്‍ത്തിക്കാത്ത ഇഷ്ടികക്കളത്തില്‍ നിന്നും കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.