20 February, 2022 12:00:38 PM
ദീപുവിന്‍റെ സംസ്ക്കാരം; സാബു ജേക്കബ് അടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസ്
കൊച്ചി: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാരചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തലക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച് രണ്ട് ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേതുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേസമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുറന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടുപോയി. ട്വന്‍റി ട്വന്‍റി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടൊണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്.
ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പൊസിറ്റീവായതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം കാക്കനാട് അത്താണിയിലെ പൊതുശ്മശനാത്തില്‍ മൃതദേഹം സംസ്ക്കരിച്ചു.
കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമെന്നാണ് സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും സാബു എം ജേക്കബ് ആരോപിച്ചിരുന്നു.