17 February, 2022 02:06:03 PM


കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു



കൊച്ചി: മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തല്‍. കൊച്ചി പത്തടിപ്പാലത്ത് 347-ാം നമ്പര്‍ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യതിയാനം വന്നിട്ടുള്ളതായും ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്‍മെന്റില്‍ ലഘുവായ വ്യത്യാസം ഉണ്ടായതായും  കണ്ടെത്തി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്. എന്നാൽ മെട്രോ ട്രെയിന്‍ സര്‍വീസിനെ ഇത് ബാധിക്കില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. 

പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലമുണ്ടായ ചെരിവാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും. എന്നാല്‍ തൂണിനു ചെരിവുണ്ടെങ്കില്‍ കാര്യം ഗുരുതരമാകും. അതേസമയം, തൂണിന്റെ ചെരിവ് ആണെങ്കില്‍ പോലും അതു പരിഹരിക്കാന്‍ കഴിയുമെന്ന് എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു. ഏതായാലും പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി  പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ടെന്നും കെ.എം.ആര്‍.എല്‍  വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K