26 June, 2016 06:26:14 PM
മലയാളം വശമില്ലാത്ത ഫിലിപ്പീന്‍സ് സ്വദേശി കേരളത്തില്‍ താരമാവുന്നു
മലയാളം ഒട്ടും വശമില്ല. എന്നാല്‍ സാധാരണ മലയാളി വീട്ടമ്മമാരില്‍ നിന്നും ഒട്ടും പിറകിലല്ല നാടന്‍ പാചകത്തിന്‍റെ കാര്യത്തില്‍ ജീന എന്ന ഫിലിപ്പീന്‍സ്കാരി. കൃഷികാര്യങ്ങളിലാണെങ്കില്‍ ഒരു പടികൂടി മുന്നിലെന്നും പറയാം. 2008ല്‍ മലയാളമണ്ണിന്‍റെ മരുമകളായി എത്തിയ ജീന ഓ പാബ്ലയോ എന്ന 44 കാരി ഇതുവരെ മലയാളമായി സ്വായത്തമാക്കിയത് ഉണ്ട്, ഇല്ല എന്ന ഏതാനും വാക്കുകള്‍ മാത്രം. എന്നാല്‍ ഒരു ശരാശരി കോട്ടയം കാരി പാകം ചെയ്യുന്ന എല്ലാ നാടന്‍ വിഭവങ്ങളും ഉണ്ടാക്കാന്‍ പഠിക്കുകയും ചെയ്തു.
മാനില മക്കാപ്പി സ്വദേശിനിയും എലിയൂ ടെരിയോ - ഫ്ലോറന്‍റീനാ പാബ്ലയോ ദമ്പതികളുടെ എട്ട് മക്കളില്‍ ഇളയവളുമായ ജീന കേരളത്തിലെത്തുന്നത് കോട്ടയം പേരൂര്‍ പെരുമാലില്‍ മോന്‍സി പി.തോമസിന്‍റെ ഭാര്യയായി. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജീന മാനിലയിലെ ഒരു സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥയായിരിക്കെയാണ് 2005ല്‍ മോന്‍സിയുമായി പരിചയപ്പെടുന്നത്. അതും ഇന്‍റര്‍നെറ്റ് ബ്രൗസിംഗിലൂടെ.
ഫേസ് ബുക്കും വാട്ട്സ് ആപ്പുമൊക്കെ സജീവമാകും മുമ്പ് തുടങ്ങിയ ഇവരുടെ പരിചയം പതിയെ പ്രണയമായി. 2008 ആഗസ്റ്റ് 16ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് തൊട്ടുമുമ്പ് കേരളത്തില്‍ വിമാനമിറങ്ങിയപ്പോള്‍ മാത്രമാണ് ജീന മോന്‍സിയെ ആദ്യമായി കാണുന്നതും. ആര്‍ഭാടമായിട്ടൊന്നുമല്ല വിവാഹം നടന്നത്. കടല്‍കടന്ന് ഏഴരപൊന്നാനയുടെ നാട്ടിലെത്തിയ ജീനയുടെ കഴുത്തില്‍ മോന്‍സി മിന്ന് ചാര്‍ത്തിയത് ഏറ്റുമാനൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച്. ഇപ്പോള്‍ ജീനയുടെ വീടും നാടും പേരൂര്‍ എന്ന കൊച്ചു ഗ്രാമമാണ്. കേരളത്തില്‍ എത്തിയിട്ട് നാട്ടില്‍ പോയത് മൂന്ന് തവണ മാത്രം.
മോന്‍സിയുടെ സഹോദരി ജിന്‍സിയാണ് നാടന്‍ പാചകത്തില്‍ ജീനയുടെ ഗുരു. മോന്‍സിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി ആഹാരം പാചകം ചെയ്യുന്നതില്‍ ജീന അതീവശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു. കേരള വിഭവങ്ങളില്‍ ജീനയ്ക്ക് ഏറെ പ്രീയം അവിയലാണ്. രുചിയ്ക്കു പുറമെ എരിവ് ഇല്ലാത്തതാണ് അവിയലിനോട് താല്‍പര്യം കൂടുവാന്‍ കാരണം. എരിവ് ഉള്ള വിഭവങ്ങള്‍ ജീന കഴിക്കുമായിരുന്നില്ല. നാട്ടില്‍ ആഹാരസാധനങ്ങളില്‍ മുളക് ഉപയോഗിക്കില്ല. അതുകൊണ്ടു തന്നെ കേരളത്തിലെ വിഭവങ്ങളുമായി പൊരുത്തപ്പെടുവാന്‍ ഏറെ സമയമെടുത്തു.
അപ്പം, ഇടിയപ്പം, ദോശ, ചോറ്, അവിയല്‍, സാമ്പാര്‍, നാടന്‍ ചമ്മന്തി, മീന്‍ കറി, ഇറച്ചി കറി തുടങ്ങി എല്ലാവിധ നാടന്‍ വിഭവങ്ങളും ഇപ്പോള്‍ ജീന ഉണ്ടാക്കും. കേരളീയര്‍ എല്ലാ കറികളിലും മുളക് ധാരാളം ഉപയോഗിക്കും. പക്ഷെ എരിവ് ഏറിയാല്‍ തനിക്ക് കഴിക്കാനാവില്ല. അതുകൊണ്ട് തന്നെ തനിക്കുള്ള ആഹാരം എരിവില്ലാതെ വേറെ ഉണ്ടാക്കുകയാണ് ചെയ്യാറുള്ളതെന്ന് ജീന പറയുന്നു. ബിരിയാണി, കേക്ക്, കട്ലറ്റ് തുടങ്ങി കപ്പകൊണ്ടുള്ള ഏഴോളം ഇനങ്ങളും മാങ്ങാ, പാഷന്‍ഫ്രൂട്ട്, ചക്കപ്പഴം, വാഴപ്പഴം ഇവയൊക്കെ ഉപയോഗിച്ചുള്ള തരാതരം ഐസ്ക്രീമുകളും ജീന ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളാണ്.
പിഡബ്ല്യുഡി കരാറുകാരനായിരുന്ന മോന്‍സിയുടെ ഭാര്യയായി പേരൂര്‍ കിണറ്റിന്‍മൂട്ടിലുള്ള തറവാട്ടില്‍ ജീന എത്തുമ്പോള്‍ ഇരുപതോളം തരത്തിലുള്ള അഞ്ഞൂറിലധികം വരുന്ന പക്ഷിമൃഗാദികള്‍ അടങ്ങുന്ന ഫാം ഉണ്ടായിരുന്നു. ഒപ്പം വ്യത്യസ്തങ്ങളായ കൃഷികളും. പിന്നാലെ ജീന കൃഷിയിലും പക്ഷിമൃഗാദികളുടെ പരിപാലനത്തിലും വ്യാപൃതയായി. ഇപ്പോള്‍ മോന്‍സിയും ജീനയും താമസിക്കുന്ന പാറമ്പുഴയിലെ വീട്ടിലും കൃഷിയിലും ആടു വളര്‍ത്തലിലും വ്യാപൃതയാണ് ഇവര്‍. പുരയിടത്തില്‍ വാഴ, കപ്പ, വിവിധ പച്ചക്കറികള്‍ ഇവ ജീനയുടെ മേല്‍നോട്ടത്തിലാണ് കൃഷിയിറക്കിയിരിക്കുന്നത്.