03 February, 2022 05:02:51 PM


54കാരനായ അച്ഛനും 18കാരിയായ മകളും ഒരുമിച്ച് ഡോക്ടർ പഠനത്തിന്



കൊച്ചി: മകൾക്കൊപ്പം അച്ഛനും ഡോക്ടർ പഠനത്തിന് പ്രവേശനം നേടി. ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യൻ (54), മകൾ ആർ എം ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. ഒരേ ദിവസമാണ് ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്. അച്ഛൻ മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലുമാണ് ഇന്നലെ വന്ന അലോട്ട്മെന്റിൽ പ്രവേശനം നേടിയത്.

ചെറുപ്പം മുതൽ ഡോക്ടർ ആകാനായിരുന്നു മുരുഗയ്യന്റെ ആഗ്രഹം. എന്നാൽ വീട്ടുകാരുടെ നിർബന്ധത്താൽ എഞ്ചിനീയറായി. നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന് വീണ്ടും ഡോക്ടറാകാൻ ആഗ്രഹമുണ്ടായി.

റിഫൈനറിയിലെ ജോലി കഴിഞ്ഞ് വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്ക് പഠിച്ചത്. പൂർണ പിന്തുണയുമായി ഭാര്യ മാലതിയും ഒപ്പമുണ്ടായിരുന്നു. തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലാണ്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. അടുത്ത അലോട്ട്മെന്റ് കൂടി നോക്കിയ ശേഷമേ ഏത് കോളജിൽ ചേരണമെന്ന് തീരുമാനിക്കൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K