31 January, 2022 06:20:46 PM
പ്രതി ചാടിപ്പോയ സംഭവം: ചേവായൂർ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കോഴിക്കോട്: ബാലികാമന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനില്‍നിന്നും ചാടിപോയ സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷന്‍. ചേവായൂർ പോലീസ് സ്റ്റേഷനില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം യുവാക്കൾ നിരപരാധികളാണെന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്. കുട്ടികളെ രക്ഷിതാക്കൾക്ക് ഒപ്പം അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചു.
പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രേഡ് എഎസ്ഐ എം സജി, സിവിൽ പോലീസ് ഓഫീസർ ദിലീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം പൂർത്തിയായാല്‍ ഇവർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സ്പെഷല്‍ ബ്രാഞ്ച് എസിപി കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ അന്വേഷണം നടത്തി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നല്‍കിയത്. ഈ റിപ്പോർട്ടിന്‍മേലാണ് നടപടി.
അതേസമയം പിടിയിലായ യുവാക്കൾ നിരപരാധികളാണെന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തല്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ യുവാക്കൾക്കെതിരെ കേസെടുത്തതെന്നും, മദ്യകുപ്പികളടക്കം തെളിവായി കണ്ടെടുത്തിട്ടുണ്ടെന്നും കമ്മീഷണർ എവി ജോർജ് പറഞ്ഞു.
അതേസമയം കുട്ടികളെ വീട്ടുകാരോടൊപ്പം അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചു. ഒരു രക്ഷിതാവ് കൂടി കുട്ടിയെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. കുട്ടികളുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷനും വിശദമായ മൊഴി രേഖപ്പെടുത്തും. ബാലമന്ദിരത്തിലെ സുരക്ഷാ വീഴ്ചയിലുൾപ്പടെ ഉടന്‍ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.