29 January, 2022 07:47:46 PM
പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്റ്റേഷൻ നിന്ന് ഇറങ്ങി ഓടിയത്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
അറസ്റ്റിലായ പ്രതികൾക്ക് വസ്ത്രം മാറാൻ പൊലീസ് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തി. പോക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിൽ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച കാണാതായ ആറു പേരിൽ ഒരാളെ ബെംഗളൂരുവിൽ നിന്നും മറ്റൊരാളെ മൈസൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികൾ മഡിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.