28 January, 2022 01:53:18 PM
മസാജ് സെന്ററിൽ ഭീഷണിപ്പെടുത്തി കവര്‍ച്ച; അറസ്റ്റിലായവരുടെ കൂട്ടു പ്രതിക്കായി തെരച്ചിൽ
കൊച്ചി: മസാജ് സെന്ററിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായവരുടെ കൂട്ടാളിക്കായി തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന വേട്ടാപറമ്പില്‍ ജോസ് മാത്യു (30), പനങ്ങാട് വടക്കേ തച്ചപ്പിള്ളി മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പടമുഗള്‍ പാലച്ചുവട് റോഡിലുള്ള സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നു സ്ത്രീ ജീവനക്കാരുടെ വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കൂടുതല്‍ തുക ആവശ്യപ്പെട്ടു.
സ്പായിലെ ഒരു ജീവനക്കാരനെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മര്‍ദിച്ച ശേഷം കൂടുതല്‍ തുകയും കൈക്കലാക്കിതായും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ജോസ് മാത്യുവും മഹേഷും കളമശേരി, എറണാകുളം ടൗണ്‍ നോര്‍ത്ത്, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.