24 January, 2022 12:18:14 PM


ആർടിപിസിആർ: എട്ട് ദിവസം കഴിഞ്ഞിട്ടും പരിശോധനാഫലമില്ല; പ്രതിഷേധിച്ച് കൗൺസിലർമാർ




കൊച്ചി: ആർ.ടി പിസിആർ പരിശോധനാഫലം 8 ദിവസം കഴിഞ്ഞിട്ടും ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലർമാർ എറണാകുളം ഡി എം ഒ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി രാജേഷ്, ചന്ദ്രകലാധരൻ, മിനിഷാജി അജിത നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

ആരോഗ്യവകുപ്പിന്റെ ഇത്തരത്തിലുള്ള  കെടുകാര്യസ്ഥതയാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് കാരണമായതെന്ന്  കൗൺസിലർമാർ ആരോപിച്ചു. മരട് നഗരസഭയിലെ 10 ജീവനക്കാർക്കും ആറ് ജനപ്രതിനിധികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ എല്ലാ ജീവനക്കാർക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അതിന്റെയും ഫലങ്ങൾ ഇതുവരെ വന്നിട്ടില്ല. സർക്കാർ മാനദണ്ഡമനുസരിച്ച് കോവിഡ് വന്ന വ്യക്തി പരിശോധന നടത്തിയ ദിവസം മുതൽ 7 ദിവസമാണ് ആണ് സ്വയം നിരീക്ഷണത്തിൽ ഇരിക്കേണ്ടത്.

പരിശോധനാഫലം എട്ട് ദിവസം കഴിഞ്ഞു ഇനിയും വരാത്ത സാഹചര്യത്തിൽ  എന്താണ്  ശാസ്ത്രീയ വശം എന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. 262 പേരുടെ ഫലങ്ങളാണ്  ഇതുവരെ മരട് നഗരസഭയിൽ മാത്രം  ലഭ്യമാകാത്തത്. ഇന്നു മുതൽ നഗരസഭ പ്രവർത്തനം നിർത്തലാക്കി. കോവിഡ് വ്യാപനം വ്യാപകമാക്കി പൂർണമായുള്ള ലോക്ഡൗണി ലേക്കുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് ചെയ്യുന്നതെന്നും ഇവർ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K