22 January, 2022 01:32:04 PM


ദിലീപിന് അനുകൂലമായി മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ കേസ്; മാപ്പുസാക്ഷി കോടതിയിൽ



കാസര്‍കോട് : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്‍റെ മുൻ ഓഫീസ് സ്റ്റാഫ് ഭീഷണിപ്പെടുത്തിയ കേസിൽ, ക്രൈം ബ്രാഞ്ചിനെതിരെ മാപ്പുസാക്ഷി കോടതിയിൽ. കാസർകോട് സ്വദേശിയായ വിപിൻ ലാലാണ് ഹൊസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും അന്വേഷണം തുടങ്ങി ഒരു വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഹർജി ഈ മാസം 28ന് പരിഗണിക്കും.

മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ്‌ കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല. ലോക്കൽ പൊലീസ് കൃത്യമായി അന്വേഷിച്ച കേസിൽ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹർജിയിൽ വിപിൻ ലാൽ ആരോപിക്കുന്നു. കേസിൽ നേരത്തെ ബേക്കൽ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടിയാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 

ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ 2020 ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K