21 January, 2022 11:17:43 PM
സിപിഎം സമ്മേളനവിവാദത്തിനു പിന്നാലെ കാസർകോഡ് ജില്ലാ കളക്ടർ അവധിയിലേക്ക്
കാസർകോട്: കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിനിടെ ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ജില്ലയിൽ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചത്. കാസര്‍ഗോട്ട് ആശുപത്രിയില്‍ കഴിയുന്നവരുടെ ശതമാനം 36 ആണെന്നും പറഞ്ഞ കോടതി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കാസർഗോഡ് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു.
അതേസമയം, സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിച്ചു. മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെ സമ്മേളനത്തിനെതിരെ ഹൈക്കോടതി നിർദേശം കൂടി വന്നതോടെയാണ് ഇന്നു തന്നെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.