21 January, 2022 07:12:15 PM
വൈറ്റിലയിലേയും ഇടപ്പള്ളിയിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കും - മന്ത്രി പി. രാജീവ്
- ഉണ്ണികൃഷ്ണൻ
കൊച്ചി: വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈറ്റിലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് നാറ്റ് പാക്കും ദേശീയപാത അതോറിറ്റിയുടെ കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുധാരണയിലെത്തും. ഇടപ്പള്ളിയില്‍ റോഡ് വീതി കൂട്ടിയും ഫ്ളൈ ഓവര്‍ നിര്‍മിച്ചും ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ എം. അനിൽകുമാര്‍, ഹൈബി ഈഡന്‍ എം.പി, കളമശ്ശേരി നഗരസഭ ചെയര്‍പഴ്സണ്‍ സീമ കണ്ണന്‍, എ.ഡി.എം എസ്. ഷാജഹാന്‍, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു എന്നിവര്‍ക്കൊപ്പം ജംഗ്ഷനുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വൈറ്റില ജംഗ്ഷന്‍
വൈറ്റില ജംഗ്ഷന്‍ വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള മീഡിയന്‍ രൂപപരിവര്‍ത്തനം ചെയ്യുന്നതിനും നിലവിലെ റോഡ് വീതികൂട്ടുന്നതിനും പുതിയ കാന നിര്‍മ്മിക്കുന്നതിനും വിവിധ വകുപ്പുകളുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനും കേരള റോഡ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. ജംഗ്ഷന്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി കിഫ്ബി, നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയും കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഏജന്‍സികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ഈ ഏജന്‍സികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറെ മന്ത്രി പി. രാജീവ് ചുമതലപ്പെടുത്തി.
ഇടപ്പള്ളി ജംഗ്ഷന്‍
ദേശീയപാത 66ൽ ചേരാനല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാത 544ൽ കളമശ്ശേരി ഭാഗത്തേക്ക് പോകുന്ന റോഡിന് 7.7 മീറ്ററാണ് വീതി. ലുലുമാളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ക്യൂവിൽ വരുമ്പോള്‍ റോഡിലെ ഗതാഗതം ഒറ്റവരിയായി പരിമിതപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ നടപ്പാതയ്ക്ക് 2.1 മീറ്റര്‍ വീതിയുണ്ട്. ഈ നടപ്പാതയുടെ ഭാഗം റോഡുമായി യോജിപ്പിച്ചാൽ റോഡിന് 9.7 മീറ്റര്‍ വീതി ലഭിക്കും. വാഹനങ്ങള്‍ ക്യൂവിൽ നിൽക്കുമ്പോഴും കളമശ്ശേരി ഭാഗത്തേക്ക് രണ്ടു വരി ഗതാഗതം ഇതുമൂലം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റിയുടെ 6 വരി പ്രോജക്ടിന്‍റെ ഭാഗമായി എന്‍.എച്ച് 66 ല്‍ ഇടപ്പള്ളി ജംഗ്ഷന്‍റെ ഇരുവശങ്ങളിലും ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
ഇടപ്പള്ളി യു ടേണ്‍
നിലവില്‍ പുക്കാട്ടുപടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കളമശ്ശേരിയിലേയ്ക്കോ അല്ലെങ്കില്‍ ലുലു മാളിലേയ്ക്കോ പോകേണ്ടത് ഫ്ളൈഓവറിന് താഴെയുള്ള സിഗ്നലില്‍ യു ടേണ്‍ എടുത്തിട്ടാണ്. ഈ യൂ ടേണ്‍ 60 മീറ്റർ പിറകിലേക്ക് മാറി ഫ്ളൈഓവറിന് താഴെ 3 മീറ്റര്‍ ഉയരം ഉള്ള ഭാഗത്ത് നല്‍കിയാൽ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കുവാനും അതുവഴി ഫ്ളൈഓവറിന് താഴെ ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങളുടെയും ചേരാനല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെയും നീണ്ട ക്യൂ ഒഴിവാക്കാനും സാധിക്കും. ചേരാനല്ലൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കളമശ്ശേരി ഭാഗത്തേക്ക് പോകുവാനുള്ള ഫ്രീ ലെഫ്റ്റിന് ഇപ്പോള്‍ തടസ്സമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നിലവിലുള്ള നടപ്പാത പൊളിച്ച് കുറച്ച് കൂടി സ്ഥലം കണ്ടെത്തി ഒരു മീഡിയന്‍കൂടി നിര്‍മ്മിച്ചാല്‍ ഇതിന് പരിഹാരമാകുമെന്നും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു.