07 January, 2022 07:46:42 PM
കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; അസി.എഞ്ചിനീയറെ സ്ഥലംമാറ്റി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. വീഴ്ച വരുത്തിയ കെഎസ്ടിപി കണ്ണൂര്‍ അസിസ്റ്റന്‍റ് എഞ്ചിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലംമാറ്റി. സംഭവത്തില്‍ കരാറുകാരനോട് വിശദീകരണം ചോദിക്കും.
പൊതുമരാമത്ത് വിജിലന്‍സിനാണ് കേസില്‍ അന്വേഷണം നടത്താന്‍ ചുമതല. നേരത്തെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിഷയത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തള്ളിയിരുന്നു. കരാര്‍ കമ്പനിക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ വിശദീകരണം. അപകടമുണ്ടായത് എതിര്‍ദിശയില്‍ നിന്നുവന്ന വാഹനത്തിന്‍റെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിശദമായ അന്വേഷണം നടത്താന്‍ കെഎസ്ടിപി പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
താമരശ്ശേരി ചുങ്കം വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം കലുങ്കുനിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരനായ എകരുല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖിന് പരുക്കേറ്റത്. യുവാവിന്‍റെ വലത് തുടയെല്ലിന് സാരമായി പരുക്കുണ്ട്. കലുങ്ക് നിര്‍മാണ സ്ഥലത്ത് വേണ്ടത്ര സുരക്ഷയില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് അപായ സൂചന നല്‍കുന്ന മുന്നറിയിപ്പ് ബോര്‍ഡുപോലും ഉണ്ടായിരുന്നില്ല.