06 January, 2022 06:45:32 PM


ഒരു വൃക്കയുമായി 45 വര്‍ഷം; അവസാനം പ്രദീപയ്ക്ക് പുതുജീവന്‍ നല്‍കി ഗൗരി

- സ്വന്തം ലേഖകന്‍



കോഴിക്കോട്: പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടിയെത്തിയപ്പോഴാണ് തനിക്ക് ജന്മനാ ഒരു വൃക്കയേ ഉണ്ടായിരുന്നുവെന്ന സത്യം പ്രദീപ മനസിലാക്കുന്നത്. പക്ഷെ അസുഖം ആകെയുള്ള വൃക്കയെ ബാധിച്ചതിനാല്‍ പ്രശ്നം രൂക്ഷമായി. ഡയാലിസിസും മറ്റുമായി തുടരവെ വില്ലനായി കോവിഡും പിടിപെട്ടു. പിന്നാലെ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ 45 കാരിയായ പ്രദീപയെയും ബന്ധുക്കളെയും ഞടുക്കികളഞ്ഞു. ആകെ ഉണ്ടായിരുന്ന ആ ഒരു വൃക്ക തീര്‍ത്തും തകരാറിലായെന്നും പുതിയത് വെക്കുന്നതുള്‍പ്പെടെയുള്ള വളരെ സങ്കീര്‍ണ്ണമായ ചികിത്സയിലൂടെയേ പ്രദീപയുടെ ജീവന്‍ ഇനി നിലനിര്‍ത്താനാവു എന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

ഭാര്യയുടെ രോഗവിവരം അറിഞ്ഞ കോട്ടൂളി നെല്ലിമലക്കുന്ന് സത്യനും ബന്ധുക്കളും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. തുടര്‍ചികിത്സയക്ക് പണം കൊടുത്ത് സഹായിക്കാന്‍ ഏറെ പേര്‍ രംഗത്ത് വന്നു. പക്ഷെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ വൃക്കയ്ക്ക് വേണ്ടി ആരോട് സഹായമഭ്യര്‍ത്ഥിക്കും. ഇതിനിടെയാണ് പ്രദീപയുടെ ചെറിയമ്മ ഗൗരി വിവരമറിഞ്ഞത്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. ഭര്‍ത്താവിനോടും മക്കളോടും ഒന്നും ആലോചിക്കാതെ തന്നെ തന്‍റെ വൃക്ക പകുത്തുനല്‍കാം എന്ന് ഗൗരി ഉറപ്പുനല്‍കി.

ഗൗരിയുടെ വാക്കുകള്‍ ഏറെ ആശ്വാസം ആയെങ്കിലും വൃക്ക പ്രദീപയ്ക്ക് ചേരുമോ എന്നതായി അടുത്ത പ്രശ്‌നം. പിന്നെ നീണ്ട പരിശോധനകള്‍. അവസാനം ഫലം അനുകൂലമായി. തന്നോടാലോചിക്കാതെ എടുത്ത തീരുമാനമാണെങ്കിലും ഗൗരിയുടെ നിലപാടിൽ ഭര്‍ത്താവ് കോഴിക്കോട് മുണ്ടുപാലം വാര്യം വീട്ടില്‍ ബാബുവിനും ഏറെ അഭിമാനം. പാവങ്ങളുടെ പാട്ടുകാരി എന്നറിയപ്പെടുന്ന മകൾ പ്രിയ അച്ചു (ജോത്സന)വും മറ്റു മക്കളായ ജോബിന, ജ്യോതിഷ് എന്നിവരും ഗൗരിക്ക് സർവ്വപിന്തുണയുമായി രംഗത്തെത്തി. അങ്ങനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞു. പ്രദീപയും ഗൗരിയും ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K