06 January, 2022 05:02:59 PM
ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ വച്ച് ലോ കോളേജ് അധ്യാപികയായ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ. അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വിവിധ വിഷയങ്ങളോട് യോജിക്കാനും വിയോജിക്കാനും ജനാധിപത്യപരമായി അവകാശമുള്ള ഭരണഘടന നില നിലനില്ക്കുന്ന രാജ്യമാണ് നമ്മളുടേത്. കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിൽ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ബീച്ചിനടുത്തുള്ള തൊടിയിൽ പ്രദേശം ആർ.എസ്.എസ് ക്രിമിനലുകളുടെ സ്‌ഥിരം ഗുണ്ടാ വിളയാട്ട കേന്ദ്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഡി. വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഈ പ്രദേശത്തേക്ക് യുവജന പരേഡ് സംഘടിപ്പിച്ചിരുന്നു.
കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആക്രമിച്ചത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്‍റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ പൊലീസ് മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു. തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണി ആരോപിച്ചു.