27 December, 2021 10:34:35 PM
പോര് മുറുകുന്നു: തൊഴിലാളികളെ മറയാക്കുന്നെന്ന് പാര്‍ട്ടികള്‍; ഇല്ലാതാക്കാൻ ശ്രമമെന്ന് കിറ്റെക്സ് എംഡി
കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിന്‍റെ പേരിൽ കിറ്റെക്സിനേയും ട്വന്‍റി ട്വന്‍റിയേയും ഇല്ലാതാക്കാൻ മുന്നണികൾ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്സ് എം ഡി സാബു ജേക്കബ് രംഗത്തെത്തി. എന്നാൽ അന്തര്‍സംസ്ഥാനതൊഴിലാളികളെ മുന്നിൽ നിർത്തി കിറ്റെക്സും ട്വന്‍റി ട്വന്‍റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം.
കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുടെ പേരിൽ കിറ്റെക്സ് കമ്പനിയും ട്വന്‍റി ട്വന്‍റിയും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സാബു ജേക്കബ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അതിഥിത്തൊഴിലാളികളെയടക്കം പിന്തുണച്ചും പൊലീസിനെ ആക്രമിച്ചുമാണ് ഈ നീക്കം. അതുവഴി ഇപ്പോഴത്തെ സംഭവങ്ങളൊക്കെയും ആസൂത്രിതമാണെന്നും പൊലീസിനെയടക്കം ഉപയോഗപ്പെടുത്തി കിറ്റെക്സിനെ ഇല്ലാതാക്കാനുളള സർക്കാർ അറിവോടെ നടന്ന ഇടപെടലെന്നുമാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തിൽ അപരിചിതരെത്തിയെന്നുളള ആരോപണം ഇതിന്‍റെ മൂർച്ച കടുപ്പിക്കാൻ കൂടിയാണ്.
എന്നാൽ കിറ്റെക്സ് എംഡിയുടെ ഇടതുവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമം. അന്തര്‍സംസ്ഥാനത്തൊഴിലാളികളെ രാഷ്ട്രീയമായും അല്ലാതെയും കിറ്റെക്സ് ഉപയോഗിക്കുന്നു എന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് നീക്കം. കിറ്റെക്സ് എംഡി തൊഴിലാളികളെ ന്യായീകരിച്ച് രംഗത്തെത്തിയത് ഇതിന്‍റെ ഭാഗമാണെന്നും കോൺഗ്രസ് വ്യാഖ്യാനിക്കുന്നു.
ഇതിനിടെ കിഴക്കമ്പലം സംഭവത്തെ ഇടതു മുന്നണിയുടെ രാഷ്ട്രീയ വീഴ്ചയായി അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അന്തര്‍സംസ്ഥാനത്തൊഴിലാളുകളുടെ ഡേറ്റാ ബാങ്ക് പോലും സർക്കാരിന്‍റെ കയ്യിൽ ഇല്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.