26 December, 2021 08:40:51 PM
കിഴക്കമ്പലം അക്രമം: ട്വന്‍റി 20ക്കെതിരെ രാഷ്ട്രീയ പാർട്ടികളുടെ പോര് പുതിയ തലത്തിലേക്ക്
കൊച്ചി: പൊലീസിനെതിരായ ആക്രമണത്തിന് പിന്നാലെ, കിറ്റക്സ് കമ്പനിയ്ക്കും ട്വന്‍റി 20ക്കും എതിരായ രാഷ്ട്രീയ പാർട്ടികളുടെ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. കമ്പനിക്കകത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇതിനുള്ള ഫണ്ടിന്‍റെ ഉറവിടം അന്വേഷിക്കണമെന്നും കോൺഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടു. എന്നാൽ യാദൃശ്ചികമായുണ്ടായ അക്രമ സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നാണ് എം ഡി സാബു എം ജേക്കബ് പറയുന്നത്.
മലിനജലമൊഴുക്കിയെന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നും ആരോപിച്ച് കിറ്റക്സിനും അവരുടെ രാഷ്ട്രീയ പാർട്ടിയായ ട്വന്‍റി 20 ക്കുമെതിരെ സിപിഎമ്മും, കോൺഗ്രസ്സും തുടർച്ചയായി നടത്തുന്ന പ്രാചരണങ്ങൾക്കിടെയാണ് കമ്പനി തൊഴിലാളികൾ പോലീസിന് നേരെ നടത്തിയ വ്യാപക അഴിഞ്ഞാട്ടം. അക്രമ സംഭവത്തിന് പിറകെ യുഡിഎഫും എൽഡിഎഫും കമ്പനിക്കകത്ത് ക്രിമിനലുകൾ സംഘടിച്ചിരിക്കുകയാണെന്നും ആയുധങ്ങളടക്കം സംഭരിച്ച് അക്രമം അഴിച്ച് വിടാനുള്ള പണവും പിന്തുണയും എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
കിറ്റക്സിലെ തൊഴിലാളികൾ ലഹരി അടക്കം ഉപയോഗിച്ച് നാട്ടുകാരെ മർദ്ദിക്കുന്നതടക്കമുള്ള സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും പ്രശ്നങ്ങൾ മൂടിവെക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സ്ഥലം എംഎൽഎ പിവി ശ്രീനിജന്‍റെ ആരോപണം. ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കിറ്റക്സ് എംഡി സാബു എം ജേക്കബ് യാദൃശ്ചികമായി സംഭവിച്ച പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തുറന്നടിച്ചു. പ്രശ്നക്കാരെ കമ്പനി തന്നെ നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് സാബു എം ജേക്കബിന്‍റെ പ്രതികരണം.
ട്വന്‍റി 20 യെ മുൻനിർത്തി കിഴക്കമ്പലത്തും സമീപ പഞ്ചായത്തിലും കിറ്റക്സ് കമ്പനിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് ഇടത് - വലത് മുന്നണികൾ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. പുതിയ സംഭവം ഇത്തരം വാദങ്ങളുടെ മൂർച്ച കൂട്ടുകയാണ്.