26 December, 2021 07:31:40 PM
തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിച്ചത് പരിശോധിക്കണം - സാബു ജേക്കബ്
കൊച്ചി: കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 40ൽ താഴെ പേർ മാത്രമാണ് സംഭവത്തിലെ കുറ്റക്കാരെന്നും എന്നാൽ, പൊലീസ് 155 പേരെ പിടിച്ച് കൊണ്ടു പോയെന്നുമാണ് സാബു ജേക്കബിന്‍റെ വിശദീകരണം. പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ച ആളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി ഏൽപ്പിച്ചതെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കണമെന്നും കിറ്റക്സ് എംഡി ആവശ്യപ്പെട്ടു. തീർത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘർഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സാബു ജേക്കബിന്‍റെ ആദ്യ പ്രതികരണം.
കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘർഷമെന്നും എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നീക്കമെന്നും സാബു ആരോപിക്കുന്നു. ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാനതൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതറിഞ്ഞാണ് പൊലീസ് ഇന്നലെ രാത്രി കിഴക്കമ്പലത്ത് എത്തിയത്. തർക്കം തീർക്കാനെത്തിയ പൊലീസിനെ കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. പിന്നാലെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ തല്ലി തകർക്കുകയും കത്തിക്കുകയും ചെയ്തു.
സാബു ജേക്കബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത് ഇങ്ങനെ...
"വളരെ യാദൃശ്ചികമായുണ്ടായ സംഭവമാണിത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇന്നലെ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്മസ് കരോളുമായി ഇറങ്ങി. പക്ഷേ ഇതുമൂലം രാത്രി ഉറക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി മറ്റൊരു വിഭാഗം തൊഴിലാളികൾ രംഗത്ത് എത്തി. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും കിറ്റക്സിലെ ജീവനക്കാരും ഇടപെട്ടെങ്കിലും ഇവർക്കെതിരെ ആക്രമണമുണ്ടായി. ഇതോടെയാണ് കമ്പനി ജീവനക്കാർ പൊലീസിനെ വിളിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കിഴക്കമ്പലം പൊലീസിന് നേരെയും ഒരു വിഭാഗം തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു അപകടമുണ്ടായത്.
ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് കമ്പനി പൂട്ടിക്കാനാണ് ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നത്. കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇന്നാൾ വരെ ഒരു കേസ് പോലും തൊഴിലാളികൾക്ക് നേരെ ഉണ്ടായിട്ടില്ല. എങ്ങനെ ഇവർക്ക് ലഹരി കിട്ടുന്നുവെന്ന് ആദ്യം പരിശോധിക്കണം. കൊവിഡ് മൂലം കഴിഞ്ഞ ഒരു വർഷമായി ലേബർ ക്യാംപിൽ നിന്നും പുറത്തു പോകാൻ നിയന്ത്രണങ്ങളുണ്ട് എന്നിട്ടും എങ്ങനെ ഇവർക്ക് ലഹരിപദാർത്ഥങ്ങൾ കിട്ടിയെന്ന് ആദ്യം പരിശോധിക്കണം.
ലേബർ ക്യാംപിലുള്ള മൊത്തം ജീവനക്കാരേയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. ഇവരെല്ലാം അക്രമിസംഘത്തിൽപ്പെട്ടവരല്ല. കമ്പനിയുടെ അകത്തെ സിസിടിവി ക്യാമറകൾ ഞങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അക്രമസംഭവത്തിൽ ഉൾപ്പെട്ട എല്ലാവരേയും എത്രയും പെട്ടെന്ന് തിരിച്ചറിയും. പൊലീസ് നടപടികളുമായി ഞങ്ങൾ സഹകരിക്കുകയും ചെയ്യും."