16 December, 2021 10:20:04 AM
കൈക്കൂലി: അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്നും 17 ലക്ഷം രൂപ കണ്ടെത്തി
പണം ഒളിപ്പിച്ചത് പ്രഷർകുക്കറിലും അരിക്കലത്തിലും അടുക്കളയിലും
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനിയർ എ.എം. ഹാരീസിന്റെ ഫ്ളാറ്റിൽ നിന്നും 17 ലക്ഷം രൂപ കണ്ടെടുത്തു. വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രഷർകുക്കറിലും അരിക്കലത്തിലും അടുക്കളയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ബുധനാഴ്ചയാണ് ഹാരീസിനെ വിജിലൻസ് അറസ്റ്റ് ചെയ്ത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇതേ കേസിൽ കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന് കേസില്‍ രണ്ടാം പ്രതിയാണ്.
എൺപത് ലക്ഷം രൂപ വിലവരുന്നതാണ് ഇയാളുടെ ഫ്ളാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ പതിനെട്ടു ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2,000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും പരാതിക്കാരൻ ജോസ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ഇതോടെയാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്.