13 December, 2021 01:41:05 PM
നെടുമ്പാശ്ശേരിയിലെത്തിയ നാല് പേർക്ക് കൊവിഡ്; സാമ്പിളുകൾ ഒമിക്രോൺ പരിശോധനയ്ക്ക് വിട്ടു
കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ മറ്റൊരാൾക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോൺ ബാധയുണ്ടോ എന്നറിയാൻ ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനിൽ നിന്നും അബുദാബിയിൽ എത്തിയ ഇയാൾ ഡിസംബർ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്. വിമാനത്താവളത്തിൽ വച്ച് നടത്തിയ ആദ്യത്തെ ടെസ്റ്റിൽ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാൽ ഹൈ റിസ്ക് പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാൽ എട്ടാം തീയതി വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഇതിൽ ഇയാൾ പൊസീറ്റിവാക്കുകയും ചെയ്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിലും ദില്ലിയിലും സാംപിളുകൾ അയച്ചു കൊടുത്ത നടത്തിയ പരിശോധനയിലാണ് ഇയാളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിതനായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചത്. മാതാവ്, ഭാര്യ, ഭാര്യ മാതാവ് എന്നിവരുമായാണ് ഇയാൾ നേരിട്ട് സമ്പർക്കത്തിൽ വന്നത്.
ഇതിൽ ഭാര്യയ്ക്കും മാതാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും സാംപിളുകൾ ഒമിക്രോൺ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഭാര്യാമാതാവിനെ നിരീക്ഷണത്തിലേക്ക് മാറ്റി. ഹൈറിസ്ക് കാറ്റഗറി വിഭാഗത്തിൽപ്പെട്ട ആളായിരുന്നതിനാൽ ഇയാളെ കൃത്യമായി ക്വാറന്‍റൈൻ ചെയ്തിരുന്നുവെന്നും അതിനാൽ കൂടുതലാളുകൾ സമ്പർക്കപ്പട്ടികയിൽ ഇല്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.