28 November, 2021 12:05:31 PM
പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് അപകടത്തില്‍ പരിക്ക്
കൊച്ചി: ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്. വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നില്‍വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.
സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ദുരൂഹതയില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നടുവിനും തലയ്ക്കും പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.
കെ. രാധാകൃഷ്ണന് നാല് വര്‍ഷത്തിലധികമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഫസൽ വധത്തിൽ സി.പി.എം. നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനിലേക്കും അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്.
ഇതിനിടെ വർഷങ്ങൾക്ക് മുൻപ് കണ്ണൂർ തളിപ്പറമ്പിലെ കൂവോട്ട് പ്രവർത്തിച്ചിരുന്ന പഞ്ചനക്ഷത്ര വ്യഭിചാര കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണൻ അറസ്റ്റിലായ വിഷയം ഉയർത്തിക്കാട്ടി സി.പി.എം. അണികൾ രംഗത്തെത്തി. 2006ൽ കണ്ണൂർ ഡിസിആർബി ഡിവൈഎസ്പി ആയിരുന്നപ്പോള്‍ രാധാകൃഷ്ണൻ. അറസ്റ്റ് ചെയ്യപ്പെട്ടതിന്‍റെ പത്രവാർത്ത ഉൾപ്പെടെയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ രാധാകൃഷ്ണൻ പങ്കാളി ആയിട്ടുണ്ടെന്നും പ്രചരണം ഉണ്ട്. എന്നാൽ പെൺവാണിഭ കേസ് രണ്ട് വർഷത്തിന് ശേഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സി.ഐ. രജിസ്ട്രർ ചെയ്യേണ്ട കേസ് അസിസ്റ്റന്‍റ് എസ്.ഐ. രജിസ്ട്രർ ചെയ്തതിൽ തന്നെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 2008ന് ശേഷം രാധാകൃഷ്ണൻ സർവ്വീസിൽ തിരികെ കയറിയെങ്കിലും കഞ്ചാവ് മാഫിയ ബന്ധം ആരോപിച്ച് പിണറായി സർക്കാരെത്തിയതിന് പിന്നാലെ സസ്പെൻഡ് ചെയ്തു. സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. നേടിയ കെ. രാധാകൃഷ്ണൻ ആറ് മാസം മുൻപാണ് വിരമിച്ചത്. വിരമിക്കും വരെ തിരിച്ചെടുത്തില്ല. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും പരിഹാരം ഉണ്ടായില്ല. അന്വേഷിക്കുമ്പോൾ അപേക്ഷ കിട്ടിയില്ലെന്നാണ് മറുപടിയെന്നും കെ. രാധാകൃഷ്ണൻ പറയുന്നു.
വിരമിച്ച് കഴിഞ്ഞാലും സർവ്വീസ് കാലത്തെ കേസുകൾ സെറ്റിൽ ആകാതെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന നിയമം ഉള്ളതിനാലാണ് ആനുകൂല്യം ലഭിക്കാത്തതെന്നുമാണ് ന്യായീകരണം. എന്നാൽ ആരോപണങ്ങളും നടപടികളും രാഷ്ട്രീയ പ്രേരിതമെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. ഇപ്പോൾ കർണാടകയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ചീഫ് ജോലിയാണ്. ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണൻ പറയുന്നു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാധാകൃഷ്ണന്‍ സെക്യൂരിറ്റി ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് ഇപ്പോൾ.