28 November, 2021 11:42:38 AM
സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു - എഫ്ഐആര്‍
കൊച്ചി: മോഫിയ പര്‍വീണിന്‍റെ ആത്മഹത്യ കേസില്‍ ആലുവ സിഐയ്‌ക്കെതിരെ എഫ്‌ഐആര്‍. മോഫിയയെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്‍റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറു മണിയ്ക്കും ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐയ്‌ക്കെതിരെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഇത് മനോവിഷമത്തിന് ഇടയാക്കിയെന്നും നീതി കിട്ടില്ലെന്ന തോന്നല്‍ ആത്മഹത്യയിലേക്ക് നയിച്ചു.
സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കേസില്‍ മോഫിയ പര്‍വീണിന്‍റെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭർതൃ പിതാവ് യൂസഫ്(63), ഭർതൃമാതാവ് റുഖിയ(55) എന്നിവരെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ മൂവരേയും കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.