27 November, 2021 04:50:33 PM


പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍നിന്നും മദ്യകുപ്പികള്‍ പിടിച്ചെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന. നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായാണ് വടകര റസ്റ്റ് ഹൗസില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

'ഇതൊന്നും റസ്റ്റ് ഹൗസില്‍ പാടില്ലെന്ന് അറിയില്ലേ, നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ.. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് അറിയില്ലെന്ന് ഉണ്ടോ.ഇതൊന്നും അത്ര നല്ലതല്ല കേട്ടോ. ആ കുപ്പിയെടുക്ക്..' ഉദ്യോഗസ്ഥനോട് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞത് അനുസരിച്ച് ഉദ്യോഗസ്ഥന്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നും കുപ്പി എടുക്കുന്നതും വിഡിയോയില്‍ കാണാം. 
മദ്യക്കുപ്പികളുടെ ശേഖരമാണ് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും കണ്ടെത്തിയത്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ചൂണ്ടിക്കാട്ടി മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K