24 November, 2021 02:54:17 PM
ആലുവയിൽ പ്രതിഷേധം സംഘർഷമായി: ഡിഐജിയുടെ വാഹനം തടഞ്ഞു, ആന്റിന ഒടിച്ചെടുത്തു
ആലുവ: നിയമവിദ്യാർഥിനിയായ നവവധുവിന്റെ ആത്മഹത്യയ്ക്കു വഴിയൊരുക്കിയ ആലുവ ഈസ്റ്റ് സിഐ സി.എൽ. സുധീറിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സുധീറിനെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആലുവ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തി.
ജലപീരങ്കിക്ക് മുകളിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് എസ്പിയും ഡിഐജിയും പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവർത്തകർ ഒടിച്ചെടുക്കുകയും ചെയ്തു.
ഇതേ തുടർന്ന് ഡിഐജി കോൺഗ്രസ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ആരോപണ വിധേയനായ സിഐയെ ചൊവ്വാഴ്ച തന്നെ സ്റ്റേഷൻ ചുമതലയിൽനിന്നും റൂറൽ എസ്പി ഒഴിവാക്കിയിരുന്നു. എന്നാൽ, ഇന്ന് അദേഹം സ്റ്റേഷനിൽ എത്തിയെന്നാരോപിച്ച് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം നടത്തി. ബെന്നി ബഹനാൻ എംപിയും സമരത്തിൽ പങ്കെടുത്തു.
ഭരണകക്ഷിയിലെ സിപിഐയുടെ യുവജന വിഭാഗവും ഇന്ന് സിഐക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ സിഐക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നത് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.