24 November, 2021 11:21:32 AM


'താൻ തന്തയാണോടോ'എന്ന് ചോദിച്ച സിഐ ഡ്യൂട്ടിയില്‍; പ്രതിഷേധവുമായി എംഎല്‍എ



ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ എല്‍എല്‍ബി വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ ഇന്നും സിറ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

സിഐ സിഎല്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും ഉദ്യോഗസ്ഥനെതിരായ ഇഅന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അതേസമയം സ്റ്റേഷന്‍ ചുമതലകളില്‍ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

ഇന്‍സ്‌പെക്ടറിനെ സസ്‌പെന്‍ഡ് ചെയ്ത് സ്റ്റേഷന്‍ ചുമതലകളില്‍നിന്നു മാറ്റി നിര്‍ത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

അതേസമയം മോര്‍ഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് ആലുവ കീഴ്മാട് മോഫിയ പര്‍വീണ്‍ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ടു മാസം മുന്‍പായിരുന്നു മോഫിയയയുടെ വിവാഹം. പിന്നീട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രശ്‌നങ്ങളുണ്ടാക്കുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ആത്മഹത്യ കുറിപ്പില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമര്‍ശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K