17 November, 2021 07:48:51 AM
കൈക്കൂലിയും ക്രമക്കേടും: കാഞ്ഞങ്ങാട് കൃഷിഭവനില്‍ വിജിലന്‍സ് പരിശോധന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവനില്‍ വിജിലന്‍സ് പരിശോധന. ഡേറ്റാബാങ്ക് ഭൂമി തരംതിരിവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. കൃഷി ഓഫീസിലെ നിരവധി രേഖകള്‍ വിജിലന്‍സ് സംഘം പരിശോധനയ്ക്കു വിധേയമാക്കി.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയും സ്വാധീനമുള്ളവര്ക്കുവേണ്ടിയും ഭൂമി തരംതിരിക്കല്‍ വേഗത്തിലാക്കുകയും സാധാരണക്കാരുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുകയും ചെയ്യുന്നതായാണ് പരാതി ഉയര്‍ന്നത്. കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്‍, എസ്ഐമാരായ രമേശന്, സുഭാഷ്, സിപിഒമാരായ രഞ്ജിത്ത് കുമാര്‍, രാജീവന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.