06 November, 2021 06:56:21 PM


ആനക്കൊമ്പ് 8,000 രൂപയ്ക്ക് വാങ്ങിയത്; തിമിംഗല അസ്ഥി വ്യാജനല്ല - മോൻസൺ



കൊച്ചി: പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽനിന്നു കണ്ടെത്തിയ ആനക്കൊമ്പിനോടു സാദൃശ്യമുള്ള വസ്തു വാങ്ങിയിരിക്കുന്നത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്ന്. രാജസ്ഥാനിൽ നിന്നുള്ള കരകൗശല വസ്തുക്കൾ  വിൽക്കുന്ന കടയാണിത്. 8,000 രൂപ വില നൽകി വാങ്ങിയതാണെന്ന് മോൻ‍സൻ അന്വേഷണ സംഘത്തിനു മൊഴി നൽകി. 35,000 രൂപ കൊടുത്ത് ഇത്തരം സാധനങ്ങൾ ഈ  കടയിൽനിന്ന് തന്നെ മോൻസൻ വാങ്ങിയതിന്‍റെ ബിൽ അന്വേഷണ സംഘം കണ്ടെടുത്തു. മോൻസനുമായി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 

തന്‍റെ പക്കലുള്ള തിമിംഗലത്തിന്‍റെ അസ്ഥി നല്‍കിയത് ഒരു സുഹൃത്താണെന്നും  മോന്‍സൻ മൊഴി നൽകി. ഇത് യഥാർഥ തിമിംഗല അസ്ഥിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യത്തിൽ ശാസ്ത്രീയമായ പരിശോധന പൂർത്തിയാൽ മാത്രമേ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇയാളുടെ കലൂരുള്ള വീട്ടിൽനിന്നു ശംഖുകളും പവിഴപ്പുറ്റുകളും മറ്റും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് മോൻസനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

തുടർന്ന് അറസ്റ്റു രേഖപ്പെടുത്തുകയും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു.മോൻസന്റെ പക്കലുള്ളത് ആനക്കൊമ്പ് അല്ല എന്നു ശാസ്ത്രീയ പരിശോധനയിൽ ബോധ്യപ്പെട്ടാൽ കേസ് ഇല്ലാതാകും. അതേസമയം തിമിംഗല അസ്ഥിയുടെ കാര്യത്തിൽ മറ്റൊരു കേസ് അന്വേഷണ സംഘം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചതിനെ തുടർന്നു കോടനാട് വനം വകുപ്പ് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്നാണ് കലൂരിലുള്ള വീട്ടിലെത്തിച്ചു തെളിവെടുത്തത്. 8 അടി നീളം വരുന്ന രണ്ട് അസ്ഥികളാണ് വനംവകുപ്പു പിടിച്ചെടുത്തിരിക്കുന്നത്. ഇതു തിമിംഗലത്തിന്‍റെതാണ് എന്ന സംശയം ഉയർന്നതോടെയാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K