06 November, 2021 08:39:50 AM
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കൊച്ചി: നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രിയാണ് ഷെരീഫ് പിടിയിലായത്. ഇതോടെ കേസിൽ രണ്ടുപേർ അറസ്റ്റിലായി. നേരത്തെ കോണ്‍ഗ്രസ് പ്രവര്ത്തകൻ പി.ജി. ജോസഫിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് കോടതി തള്ളുകയും ചെയ്തു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തിയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോ ജുവിനെതിരേ മഹിളാ കോൺഗ്രസ് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. വൈറ്റിലയിൽ ഇന്ധനവില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെയാണ് ജോജുവിന്റെ കാർ തല്ലിത്തകർത്തത്.