02 November, 2021 11:48:54 PM
കുറ്റ്യാടി ചുരത്തിലും അടിവാരത്തും ഉരുൾപൊട്ടൽ; ഗതാഗതം സ്തംഭിച്ചു
കോഴിക്കോട്: കനത്ത മഴയിൽ ഉരുൾപൊട്ടി കുറ്റ്യാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. താമരശേരി അടിവാരത്തും ഉരുള്‍പൊട്ടി. അടിവാരം അങ്ങാടിയില്‍ വെള്ളം കയറി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച കനത്ത മഴയാണു നാശം വിതച്ചത്.
കുറ്റ്യാടി ചുരം റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുകയായിരുന്നു. കാവിലുംപാറ പഞ്ചായത്ത് നാലാം വാർഡിലെ ചാത്തൻങ്കോട്ട്നട, വള്ളുവൻകുന്ന്, മൂന്നാം പെരിയ, രണ്ടാം വളവ്, മൂന്നാം വളവ് ഭാഗങ്ങളിൽ ഉരുൾപൊട്ടി. മൂന്നാം വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. വള്ളുവൻ കുന്നിലെ നാലു ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത് ഇവിടുത്തെ ആദിവാസി കോളനിയിൽ നിന്നും മൂന്നു കുടുംബങ്ങളേയും മറ്റു ആറോളം കുടുംബങ്ങളേയും മാറ്റിപാർപ്പിച്ചു.
ഉരുൾപൊട്ടൽ നടന്ന മൂന്നാം പെരിയ ഭാഗത്തു നിന്ന് മൂന്ന് കുടുംബങ്ങളെയും താത്കാലികമായി മാറ്റി പാർപ്പിച്ചു. കുമാരൻ വള്ളുവൻകുന്ന്, ബാലൻ വള്ളുവൻകുന്ന്, വിജയൻ തലയണ കണ്ടം, ജോജി പ്ലാത്തോട്ടം, നാരായണി വള്ളുവൻകുന്ന്, ജാനകി വലിയ വീട്ടിൽ, ജെയിൻ മൂക്കൻതോട്ടം, ഫഹദ് കറുപ്പയിൽ, വിജയൻ കുലത്തിൽകണ്ടി തുടങ്ങിയവരെയാണ് ബന്ധുവീടുകളിലേക്കും ചാത്തങ്കോട്ട് നട സ്കൂളിലും മാറ്റി പാർപ്പിച്ചത്.
ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുത്തിയൊഴുകിയെത്തിയ കല്ലുകളും ചെളിയും ചുരം റോഡിലെ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെടുത്തി. പൊയിലോംചാൽ റോഡ് പൂർണമായും തകർന്നു. വീടുകൾക്ക് നഷ്ടം വരുത്തിയെങ്കിലും ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്. അഗ്നിശമന സേനാവിഭാഗം, റവന്യു അധികാരികൾ, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.