16 June, 2016 11:36:11 PM


'മൂത്രമൊഴിയ്ക്കാന്‍ എങ്കിലും അനുവദിക്കണം' - പോലീസിനോട് മന്ത്രി



കാസര്‍ഗോഡ് : 'മന്ത്രിയായതില്‍ പിന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ വിടാതെ പിന്തുടരുകയാണ്. മൂത്രമൊഴിയ്ക്കാന്‍ പോലും അനുവദിക്കാത്ത വിധം ഗാര്‍ഡ് കൂടെയുണ്ട്. എന്താ ഇപ്പോ ചെയ്യാ...' പോലീസുകാരുടെ വിടാതെയുള്ള അകമ്പടി സേവയ്‌ക്കെതിരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ പരിവേദനമാണിത്.


രാജവാഴ്ചയേക്കാള്‍ കടുപ്പമാണിത്. മന്ത്രിമാര്‍ക്ക് മുന്നിലും പിന്നിലുമുള്ള അകമ്പടിസേവ തനി പഴഞ്ചന്‍ രീതിയാണെന്നും പരിഷ്‌കൃത സമൂഹത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും മന്ത്രി പറയുന്നു. കേരളാ പോലീസ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാര്യം രസകരമായി അവതരിപ്പിച്ചത്. ഇത്രയേറെ പോലീസുകാര്‍ തനിക്കൊപ്പം സഞ്ചരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഒരു മന്ത്രി എന്തിനാണ് ഇത്രയേറെ പരിവാരങ്ങളുമായി സഞ്ചരിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നിലവിലെ ചട്ടങ്ങളുടെ ഭാഗമാണ് ഇതൊക്കെ എന്ന് അറിയാമെങ്കിലും ഇത്തരം ചട്ടങ്ങള്‍ക്ക് മാറ്റം വരുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K