01 November, 2021 03:27:07 PM
യാത്രാ ഇളവിന്റെ മറവിൽ കെ എസ് ആർ ടി സിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; രേഖ കത്തിച്ചു
കോഴിക്കോട്: കോടികളുടെ അഴിമതി വിവാദത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ ഇളവിന്മേലും തട്ടിപ്പ് നടത്തിയെന്ന പരാതി പോലീസിനു കൈമാറിയേക്കും. ടിക്കറ്റ് ഇഷ്യൂയിംഗ് വിഭാഗത്തില്‍ 2017 മുതല്‍ 2021 ഏപ്രില്‍ വരെയുള്ള നാലു വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷത്തിലേറെ തിരിമറി നടന്നതായാണ് പ്രാഥമിക വിവരം. സൗജന്യ പാസ്, പാസ് പുതുക്കല്‍, പിഴ എന്നീ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
കൂടുതല്‍ തുക കൈപ്പറ്റുകയും ഇവ രജിസ്റ്ററില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്യൂയിംഗ് വിഭാഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് തിരിമറി നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ഉദ്യോഗസ്ഥന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി രജിസ്റ്ററുകള്‍ കത്തിച്ചതായും ഒഎഡി വിഭാഗം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കേസ് പോലീസിന് കൈമാറന്‍ ആലോചിക്കുന്നത്. അതേസമയം ഒഎഡി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇഡി അഡ്മിനിസ്ട്രേഷന് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇഡി വിഭാഗത്തിന്റെ അന്വേഷണം കൂടി പൂര്‍ത്തീകരിച്ചു കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എംഡിയാണ് പോലീസ് അന്വേഷിക്കേണ്ടതു സംബന്ധിച്ച് അന്തിമ തീരമാനമെടുക്കുക.
നേരത്തെയും സമാനമായ തട്ടിപ്പുകള്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ അന്നു നല്‍കിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അഡ്മിനിസ്ട്രേഷന് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലുള്ള ഔട്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് (ഒഎഡി) ആണ് ഇവ കണ്ടെത്തിയത്.
സംഭവത്തില്‍ ഒഎഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. ഡയറക്ടര്‍ ഈ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡിക്കു കൈമാറുകയും തുടര്‍ന്ന് എംഡി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക. അതേസമയം, എത്ര രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നതിന്റെ പൂര്‍ണവിവരം കണ്ടെത്തിയിട്ടില്ല. ഇക്കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവുകളുമായി ബന്ധപ്പെട്ട് അപേക്ഷ നല്കിയ വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി ബോധ്യമാവുകയുള്ളൂ.