29 October, 2021 01:39:06 PM
വിദേശത്തേക്കു പറക്കാൻ വ്യാജ സർട്ടിഫിക്കറ്റ് റെഡി; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
കൊച്ചി: യുകെയിലേക്കു പറക്കാൻ വിദ്യാർഥികൾക്കു വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്. കേസിൽ മുഴുവൻ പേരെയും കുടുക്കാൻ പോലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്. ആലുവയിലെ ഒരു ഏജൻസി സ്ഥാപനത്തിലും ജില്ലയ്ക്കു പുറമെയുള്ള ചില കേന്ദ്രങ്ങളിലും പോലിസ് പരിശോധന നടത്തി. സംഭവത്തിൽ പാലക്കാട് തൃത്താല കല്ലുങ്ങൽവളപ്പിൽ നഫ്സൽ (38) അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.
90,000 രൂപ വീതം വാങ്ങി രണ്ടു വിദ്യാർഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും മഹാരാഷ്ട്രയിൽനിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ചു നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസിൽ കുറച്ചുകാലം ജോലി ചെയ്ത ഇയാൾ അവിടെവച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽനിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽനിന്ന് ഇയാൾക്കു കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്കു നേരിട്ടു കൈമാറുകയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ചില ട്രാവൽ ഏജൻസികൾക്കും പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നത്.
പ്രമുഖ സർവകലാശാലകളുടെ വ്യാജ സർട്ടിഫികറ്റുകൾ സംഘടിപ്പിച്ചു നൽകാൻ അന്തർ സംസ്ഥാന ബന്ധമുള്ള വൻ റാക്കറ്റ് സംസ്ഥാനത്തു പ്രവർത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളുമായി യുകെയിലേക്ക് പോകാനെത്തിയ ഏഴ് വിദ്യാർഥികളാണ് അടുത്തിടെ നെടുമ്പാശിരി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വ്യാജ സർട്ടിഫക്കറ്റുകൾ നിർമിച്ചു യുകെയിലേക്കാണ് പ്രധാനമായും വിദ്യാർഥികളെ കയറ്റി വിടുന്നത്. ഇവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാനാകും. നിശ്ചിത മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കു മാത്രമേ യുകെയിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കൂ.
എന്നാൽ, പരീക്ഷയിൽ വിജയിച്ചിട്ടും ആവശ്യമായ മാർക്ക് ലഭിക്കാത്തവരും തോറ്റവരുമായ വിദ്യാർഥികളാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനു പിന്നിൽ സർവകലാശാല ജീവനക്കാർ അടക്കമുള്ള അന്തർസംസ്ഥാന സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇത്തരം സർട്ടിഫിക്കറ്റുകളുടെ സാധുത അറിയാൻ സർവകലാശാലകളിലേക്ക് വെരിഫിക്കേഷനായി എത്തുമ്പോൾ സഹായം നൽകുന്നത് ഇവർ വഴിയാണ്.
കേരളത്തിനു പുറത്തുള്ള സർവകലാശാലകളുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ സുലഭമായി ലഭിക്കുന്നത്. ഏതു കോഴ്സിന്റെ സർട്ടിഫിക്കറ്റാണ് വേണ്ടത് എന്നതിനനുസരിച്ചാണ് തുക ഈടാക്കുന്നത്. 30,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ ഈടാക്കി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നാണ് വിവരം. പഠന വീസയിൽ വിദേശത്തേക്കു പോകുന്നവർ അടിസ്ഥാന യോഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ഹാജരാക്കി അനുമതി വാങ്ങണം. ഇത്തരത്തിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്നു കണ്ടെത്തിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിദ്യാർഥികളെ വീണ്ടും വിളിച്ചു വരുത്തി കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കും. ഇവരുടെ രക്ഷകർത്താക്കളെയും അന്വേഷണ സംഘം വിളിച്ചു വരുത്തും. വ്യാജ സർട്ടിഫിക്കറ്റുമായി ഇതിനകംതന്നെ നിരവധി പേർ വിദേശത്തേക്കു പറന്നിട്ടുണ്ടെന്നാണു വിവരം.