27 October, 2021 03:55:07 PM
പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായി; പരക്കംപാഞ്ഞു പോലീസുകാർ
കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു കാണാതായി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്ടോപ്പാണ് കാണതായത്. ഒരാഴ്ചയായി ലാപ്ടോപ്പ് നഷ്ടമായെങ്കിലും ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
പുറത്തുനിന്നുള്ളവര്‍ ലാപ്ടോപ്പ് മോഷ്ടിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ കള്ളന് കപ്പലില്‍ തന്നെയായിരിക്കാനുള്ള സാധ്യതയാണ് പോലീസുദ്യോഗസ്ഥര്‍ കാണുന്നത്. എന്നാല്‍, എന്തിനു വേണ്ടിയാണ് ലാപ്ടോപ്പ് 'പൊക്കി'യതെന്നത് അവ്യക്തമാണ്. ലാപ്ടോപ്പ് കാണാതായതു സേനയില്‍ ഗൗരവ വിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രതയും പോലീസ് പുലര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിനു സ്വന്തം സ്റ്റേഷനിലെ സ്വത്തു പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. 1,71,475 ജനങ്ങളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നത്. ലാപ്ടോപ്പ് പോലും സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ ഇവരുടെ ജീവനും സ്വത്തിനും എങ്ങനെ സുരക്ഷ നല്‍കുമെന്നാണ് മേലുദ്യോഗസ്ഥരും ചോദിക്കുന്നത്.
ലാപ്ടോപ്പ് കാണാതായതു മുതല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസുകാര്‍ തെരച്ചിലിലാണ്. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. മഴ പെയ്തതോടെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഫയലുകളും മറ്റു രേഖകളും മഴയില്‍ നനയാതിരിക്കാന്‍ ഇതേ കെട്ടിടത്തിലെതന്നെ മറ്റൊരു മുറിയിലേക്ക് ഇവയെല്ലാം മാറ്റി. ഇതിനുള്ളില്‍ ലാപ്ടോപ്പും കുടുങ്ങിയിരിക്കാനാണ് ഒരു സാധ്യത.
ലാപ്ടോപ്പ് നഷ്ടമായതോടെ സ്റ്റേഷനിലുള്ളവരുടെ സമാധാനവും നഷ്ടപ്പെട്ടു. മേലുദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടുന്ന പോലീസുകാര്‍ ലാപ്ടോപ് ഫയലിനിടയിൽ ഉണ്ടെങ്കിൽ എങ്ങനെയും തെരഞ്ഞു കണ്ടുപിടിക്കാൻ രംഗത്തിറങ്ങി. ഒരു ദിവസം ആറു പേരെ വരെ ലാപ്ടോപ്പ് തെരിച്ചലിനായി വിന്യസിപ്പിച്ചിരുന്നതായാണ് വിവരം. എന്നിട്ടും കണ്ടുപിടിക്കാനായിട്ടില്ല.
ലാപ്ടോപ്പ് കാണാതായതിനു പിന്നില്‍ ഏതെങ്കിലും പോലീസുകാര്‍ക്ക് 'പണി' നല്‍കാനുള്ള പദ്ധതിയാണോയെന്നും സംശയിക്കുന്നുണ്ട്. സ്ഥിരമായി ലാപ്ടോപ്പ് ഉപയോഗിക്കുന്ന പോലീസുകാരോടോ മേലുദ്യോഗസ്ഥരോടൊ വൈരാഗ്യം തീര്‍ക്കാന്‍ ആരെങ്കിലും ചെയതതായിരിക്കാനുള്ള സാധ്യതയും അന്വേഷിച്ചു വരികയാണ്.
ലാപ്ടോപ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ അതു കണ്ടെത്താനാവും. അതിനാല്‍ ലാപ്ടോപ്പ് 'പൊക്കി'യവര്‍ അതു സുരക്ഷിതമായി ആരെയെങ്കിലും ഏല്‍പ്പിക്കുകയോ ഒളിപ്പിച്ചു വയ്ക്കുകയോ ചെയ്തിട്ടുണ്ടാവും. അതേസമയം, ലാപ്ടോപ്പ് എന്നെങ്കിലും എവിടെയെങ്കിലും പുറത്തുവന്നാൽ അന്ന് അതു പോലീസിനു തീരാകളങ്കമായി മാറും. അതിനാലാണ് ലാപ്ടോപ്പിനു പിന്നാലെ പോലീസ് ഉറക്കമൊഴിഞ്ഞ് പരക്കംപായുന്നത്.