17 October, 2021 10:45:05 PM
മണികണ്ഠൻചാൽ പാലം മുങ്ങി; കോതമംഗലത്ത് അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം മുങ്ങി. ഇതോടെ രണ്ട് ആദിവാസി കോളനികളും ഒരു ഗ്രാമവും പൂർണമായും ഒറ്റപ്പെട്ടു. വനത്തിനുള്ളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് വെള്ളം പൊങ്ങിയത്.
ഇന്ന് രാത്രിയോടെയാണ് പാലത്തിൽ വെള്ളം കയറിയത്. ഇതോടെ അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കി ആനക്കുളത്തുനിന്നും പെരിയാറിലേക്ക് ഒഴുകുന്ന പൂയംകുട്ടി പുഴയുടെ കുറുകെയാണ് മണികണ്ഠൻചാൽ പാലം. വെള്ളാരംകുന്ന് കോളനിയും ഉറിയൻപെട്ടി കോളനിയും ഒറ്റപ്പെട്ടിരിക്കുകയാണ്.
ആദിവാസി കോളനിയിൽനിന്ന് ഉൾപ്പെടെ നിരവധി പേർ സാധനങ്ങൾ വാങ്ങാനും മറ്റുമായി കോതമംഗലത്ത് എത്തിയിരുന്നു. ഇവർക്ക് തിരിച്ച് വീട്ടിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്.