15 October, 2021 06:07:52 PM
അഞ്ചു കിലോ സ്വർണം; തുണിയിൽ ഉരുക്കിത്തേച്ചു കടത്തിയ യുവതിയടക്കം പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ എത്തിയ അഞ്ച് യാത്രക്കാരിൽനിന്നായി അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. വ്യാഴാഴ്ച കസ്റ്റംസ് എയർ ഇന്റലിജൻസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗവും നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്.
ദുബായിൽനിന്നും വന്ന വിമാനത്തിൽ ചെന്നൈയിൽനിന്നും കയറി സ്വർണം കടത്തിയ നാല് പേരും ദുബായിൽനിന്നു സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബായിൽനിന്നും എത്തിയ കാസർഗോഡ് സ്വദേശിനിയായ സറീന അബ്ദു പിടിയിലായത്. 3,250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽനിന്നു പിടികൂടിയത്.
സ്വർണം വസ്ത്രത്തിനകത്ത് ഉരുക്കി തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാൻ ഇതിനു മീതെ മറ്റൊരു വസ്ത്രവും ധരിച്ചാണ് ഇവർ എത്തിയത്. ഒരു വർഷം മുൻപ് പാസ്പോർട്ട് സ്വന്തമാക്കിയ ഇവർ ഇതിനിടെ രണ്ടാം തവണയാണ് വിദേശ യാത്ര നടത്തുന്നത്.
ഇതേ വിമാനത്തിൽനിന്നും 573 ഗ്രാം സ്വർണം ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ആഭ്യന്തര ടെർമിനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേർ ഡിആർഐ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്തിൽ ഒളിപ്പിച്ച ശേഷം യാത്രക്കാരൻ ചെന്നൈയിൽ ഇറങ്ങുകയായിരുന്നു.
ഇവിടെനിന്നും ആഭ്യന്തര യാത്രക്കാരായി കയറിയ നാല് പേരാണ് ഈ സ്വർണം എടുത്ത് നെടുമ്പാശേരി വഴി പുറത്ത് കടത്താൻ ശ്രമം നടത്തിയത്. ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വി. രമേഷ്, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരിൽനിന്നായി 335 ഗ്രാം വിതം സ്വർണവും ബാലന് ഉമാശങ്കർ എന്നയാളിൽ നിന്നും 1,100 ഗ്രാം സ്വർണവുമാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്.
വിമാനത്തിനകത്തു സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമായിട്ടില്ല. പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതുകൊണ്ടാകാം ഇതെന്നാണു സംശയിക്കുന്നത്.
എന്നാൽ, മുൻപ് ചെയ്തതു പോലെ വിമാനത്തിനകത്തുനിന്നു ശുചീകരണ ജീവനക്കാരെയോ വിമാനത്തിലെ തന്നെ ഏതെങ്കിലും ജീവനക്കാരെയോ ഉപയോഗപ്പെടുത്തി സ്വർണം പുറത്തെത്തിക്കാൻ പദ്ധതിയിട്ടിരുന്നോയെന്നും സംശയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇത്രയധികം സ്വർണം നെടുമ്പാശേരിയിൽ ഒറ്റയടിക്കു പിടികൂടുന്നത്.