14 October, 2021 02:22:02 PM
സിപിഎം കൊടികുത്തി; കടംകയറിയ ഫാക്ടറിയും ഉടമയുടെ വീടും ജപ്തി ചെയ്തു
കോഴിക്കോട്: കോഴിക്കോട്ട് സിപിഎം കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച് കടം കയറിയ ഫാക്ടറി ജപ്തി ചെയ്തു. താമരശേരി കുപ്പായക്കോട്ടെ റബ്ബര്‍ ഫാക്ടറിയും ഉടമയായ സ്ത്രീയുടെ വീടുമാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. 90 ലക്ഷം രൂപ കടമെടുത്താണ് ഫാക്ടറി ആരംഭിച്ചത്. എന്നാല്‍ ആരംഭിച്ച് ആറ് മാസം മാത്രമാണ് ഫാക്ടറി പ്രവര്‍ത്തിക്കാനായത്.
പിന്നീട് പ്രാദേശിക സമരത്തെ തുടര്‍ന്ന് ഫാക്ടറി പൂട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് കടബാധ്യത ഒരു കോടി 60 ലക്ഷമായി മാറി. എന്നാല്‍ ഫാക്ടറി നടത്തിപ്പിലെ അപാകതയാണ് കടം കയറാന്‍ കാരണമെന്നും സമരം ചെയ്തിട്ടില്ലെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.