02 October, 2021 11:08:11 AM


മോൻസൺ പ്രചരിപ്പിച്ച 'ശബരിമല ചെമ്പോല' സിനിമകള്‍ക്കായി തൃശൂരിൽ നിന്നു വാങ്ങിയതെന്ന്



കൊച്ചി: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. എന്നാൽ, അത് വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താൽപര്യം പ്രകടിപ്പിച്ചപ്പോൾ മോൻസണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോൻസൺ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

2016 ലാണ് മോൻസനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകൾ കാട്ടി മോൻസൻ പറഞ്ഞു. തനിക്ക് കുറേ കടമുള്ളത് മോൻസൻ അറിഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ നൽകിയാൽ 'കടമെല്ലാം തീർത്തു രാജാവിനെപ്പോലെ വീട്ടിൽ കൊണ്ടുചെന്നിറക്കും' എന്നായിരുന്നു വാഗ്ദാനം.

അഞ്ചു വർഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങൾ മോൻസണ് നൽകി. എന്നാൽ, ഇവയുടെ പണം തരുന്നത് നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 26ന് മോൻസനെ കണ്ടു പണം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നും കടക്കാരിൽനിന്ന് രക്ഷപ്പെടാൻ തൽക്കാലം മാറിനിൽക്കാനുമായിരുന്നു മറുപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K