27 September, 2021 11:28:34 AM
മോൻസൺ കോടികളുടെ തട്ടിപ്പിന് മറയാക്കിയത് പോലീസ്, രാഷ്ട്രീയ ബന്ധങ്ങൾ
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ സംരക്ഷിച്ചത് ഉന്നതരെന്ന് റിപ്പോർട്ടുകൾ. കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവരുമായി മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിനിരയായ ആറ് പേര് ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച 2,62,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതു ലഭിച്ചാൽ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് 10 കോടിയോളം രൂപ ഇയാള്‍ പലരില്‍നിന്നായി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാള്‍ പുരാവസ്തുവാണെന്ന് പറഞ്ഞ് വിറ്റ മിക്ക സാധനങ്ങളും ചേര്‍ത്തലയിലെ ഒരു ആശാരിയാണ് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഉണ്ടെന്നുപറഞ്ഞ മോന്‍സന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പുരാവസ്തു ബിസിനസില്‍ രണ്ടരപതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുണ്ടെന്നാണ് മോൻസൻ അവകാശപ്പെട്ടിരുന്നത്.