16 September, 2021 11:00:22 AM


പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്‌ക്കെത്തിയ മയക്കു മരുന്ന് കേസിലെ പ്രതി പിടിയില്‍



കൊച്ചി: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ പോലീസ് പിടികൂടി. മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ വലയില്‍ വീണത്. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയായ ലിജുവിനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി 40ല്‍ ഏറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലീസ് പറയുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇയാള്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ മാവേലിക്കര പൊലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പൊലീസ് വിവരം കൊച്ചി പൊലീസിന് കൈമാറിയത്. നാളുകളായി പൊലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മാവേലിക്കരയില്‍ എസ്.യെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലടക്കം പ്രതിയായ ലിജു ഉമ്മനെ പിടികൂടാന്‍ ആലപ്പുഴ എസ്പി. പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പങ്കാളി നിമ്മിയ്‌ക്കൊപ്പം ഐ.വി.എഫ്. ചികില്‍സയ്ക്കായി എത്തുന്നു എന്നറിഞ്ഞ പൊലീസ് സമര്‍ഥമായി പിടികൂടുകയായിരുന്നു.

ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടില്‍നിന്നാണു കഴിഞ്ഞ ഡിസംബറില്‍ 29 കിലോ കഞ്ചാവും വാറ്റുപകരണങ്ങളും നാലര ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും കെട്ടുകണക്കിന് ഹാന്‍സും പിടികൂടിയത്. നിമ്മിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K