14 September, 2021 08:56:58 AM
വാക്സിനേഷൻ പൂർത്തിയാകുന്നു; ഇൻഫോപാർക്കിലേക്ക് ഐടി കമ്പനികള്‍ മടങ്ങിയെത്തും
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന് ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണനിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തിലുമായാണ് വാക്സിനേഷന് നടന്നുവരുന്നത്. ജൂണില്‍ ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷന് ഈ മാസം 22 മുതല്‍ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്സിനാണ് ഇതിനായി ടെക് ഹോസ്പിറ്റല്‍ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കമ്പനികള്‍ ഇതിനകം തന്നെ സമ്പൂര്‍ണ വാക്സിനേഷന് എന്ന ലക്ഷ്യം നേടിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ ഇന്‍ഫോപാര്‍ക്കില്‍ വാക്സിനേഷന് സമ്പൂര്‍ണമാകും. നേരത്തെ വാക്സിനേഷന് പൂര്‍ത്തിയാക്കിയ ഏതാനും കമ്പനികള്‍ ഇതിനകം പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ നിന്ന് കമ്പനികള്‍ പൂര്‍ണമായും മാറില്ലെങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഐടി പാര്‍ക്കുകളില്‍ തിരിച്ചെത്തും. സമ്പൂര്‍ണ വാക്സിനേഷനു പുറമെ സ്കൂളുകള്‍ കൂടി തുറക്കുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് തിരികെ ഓഫീസുകളിലെത്താന്‍ വഴിയൊരുങ്ങുമെന്ന് കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം. തോമസ് പറഞ്ഞു.