05 September, 2021 07:11:27 PM
ജ്വല്ലറി മോഷണത്തിന് പദ്ധതിയിട്ട് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാക്കൾ പൊലീസ് പിടിയിൽ
കിഴക്കമ്പലം: ജ്വല്ലറി മോഷണത്തിന് പദ്ധതിയിട്ട് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന കുപ്രസിദ്ധ കുറ്റവാളികൾ കുന്നത്തുനാട് പൊലീസ് പിടിയിലായി. മഴുവന്നൂർ വാരിക്കാട്ട് ഷിജു (പങ്കൻ ഷിജു - 40), നെല്ലിക്കുഴി പാറയിൽ അൻസിൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കുന്നത്തുനാട് മേഖലയിൽ ജ്വല്ലറി മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പള്ളിക്കരയിൽ വച്ച് പിടികൂടിയത്.
പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് കീഴ്പെടുത്തിയത്. ഇരുപതോളം കേസുകളിൽ പ്രതിയായ ഇവർ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതരാകുന്നത്. ഹിൽപാലസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമഠം ക്ഷേത്രത്തിൽ നിന്ന് മോഷണം, പള്ളിക്കര ഷാപ്പിൽ മോഷണവും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഡിവൈ.എസ്. പി ഇ.പി. റെജി, പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ എം.പി. എബി, എ.എസ്.ഐ ശിവദാസൻ, എസ്.സി.പി.ഒ മാരായ പി.എ. അബ്ദുൾ മനാഫ്, ടി.എ. അഫ്‌സൽ, നോബിൻ കെ. പൗലോസ്, ആർ. അജിത്, വി.എസ്. ഷർനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.