02 September, 2021 11:27:31 AM
പിഞ്ചുകുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയ ബ്ലേഡിന്‍റെ ഭാഗം വിദഗ്ദ്ധമായി പുറത്തെടുത്തു
കൊച്ചി: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ദ്ധമായി ബ്ലേഡ് പുറത്തെടുത്തതോടെ കുഞ്ഞിന് പുതുജീവൻ ലഭിച്ചു. എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെയാണ് ബ്ലേഡ് പുറത്തെടുത്തത്.
കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട പെൺകുഞ്ഞിനെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. എക്‌സ്‌റേ പരിശോധനയില്‍ കുഞ്ഞിന്റെ ശ്വാസനാളത്തിന്റെ തുടക്കത്തിൽ ബ്ലേഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്നാണ് എൻഡോസ്കോപ്പിയിലൂടെ ഇത് എടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഏറെ സങ്കീർണമായ അവസ്ഥയിലായിരുന്നു കുഞ്ഞിന്‍റെ നിലയെന്ന് ഡോക്ടർമാർ പറഞ്ഞു.
പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. കോരുത് വി സാമുവേല്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സ്‌കറിയ ബേബി, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. എം ജി ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബ്ലേഡ് കഷ്ണം പുറത്തെടുത്തത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.