30 August, 2021 06:18:04 AM
ബസിൽനിന്ന് വീട്ടമ്മ വലിച്ചെറിഞ്ഞ 12 പവൻ സ്വർണ്ണം അത്ഭുതകരമായി തിരിച്ചുകിട്ടി
കോഴിക്കോട്: ബസിൽനിന്ന് വീട്ടമ്മ വലിച്ചെറിഞ്ഞ പവൻ സ്വർണ്ണം തിരിച്ചുകിട്ടിയത് അത്ഭുതകരമായി. കോട്ടയത്തു നിന്ന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ് യാത്രക്കാരിയായ വീട്ടമ്മയാണ് പരാതിക്കാരി. രാമനാട്ടുകാരയ്ക്ക് സമീപം ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ വാങ്ങിയ വടയുടെ പൊതിയാണെന്ന് കരുതി 12 പവൻ സ്വർണാഭരണം അടങ്ങിയ പൊതി ബസിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും അത് കണ്ടെത്തണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശി കൗലത്തിനാണ് അബദ്ധം പിണഞ്ഞത്. ഏതായാലും പൊലീസ് നടത്തിയ പരിശോധനയിൽ സ്വർണം തിരികെ കിട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി വീട്ടു ജോലി ചെയ്തു കഷ്ടപ്പെട്ട് സമ്പാദിച്ച് വാങ്ങിയ സ്വർണം തിരികെ കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോൾ കൗലത്ത്.
വർഷങ്ങളായി കോട്ടയത്താണ് ബത്തേരി സ്വദേശിനിയായ കൗലത്ത് ജോലി ചെയ്തിരുന്നത്. വീട്ടു ജോലി ചെയ്തു കഷ്ടപ്പെട്ട് സമ്പാദിച്ചതിൽനിന്ന് വാങ്ങിയ സ്വർണത്തിൽ കുറച്ച് പണയം വെച്ചിരുന്നു. ഇത് തിരിച്ചെടുത്ത ശേഷം കോട്ടയത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് കൗലത്ത് കെ എസ് ആർ ടി സി ബസിൽ ബത്തേരിയിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കവറില്‍ കെട്ടി പത്ര കടലാസ് കൊണ്ട് പൊതിഞ്ഞായിരുന്നു കൈയിൽ കരുതിയിരുന്നത്.
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപം ബസ് ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇവിടെ വെച്ച് ബസിൽ ഇരുന്ന കഴിക്കാനായി കൗലത്ത് കുറച്ച് വട വാങ്ങിയിരുന്നു. പത്ര കടലാസിൽ പൊതിഞ്ഞു തന്നെയാണ് വടയും വാങ്ങിയത്. ഈ സമയം സ്വർണം പൊതിഞ്ഞ പൊതിയും കൈയിലുണ്ടായിരുന്നു. രാത്രി ഒന്‍പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കടുത്തെത്തിയപ്പോഴാണ് കൗലത്ത് വട കഴിച്ചത്. കുറച്ച് കഴിച്ച ശേഷം ബാക്കി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ബസ് കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷമാണ് വലിച്ചെറിഞ്ഞത് വടയുടെ പൊതിയല്ലെന്നും, സ്വർണമാണെന്നും മനസിലായത്. ഇതോടെ കൗലത്ത് വാവിട്ട് നിലവിളിക്കാൻ തുടങ്ങി. ബസ് നിർത്തി, യാത്രക്കാരും കണ്ടക്ടറും വിവരം അന്വേഷിച്ചപ്പോഴാണ് സ്വർണം അടങ്ങിയ പൊതി വലിച്ചെറിഞ്ഞ വിവരം പറയുന്നത്. തുടർന്ന് ബസ് നിർത്തി, യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് റോഡിന്‍റെ വശത്ത് പരിശോധന നടത്തി. ഏകദേശം ഒരു മണിക്കൂറോളം തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല.
ഇതോടെയാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ സ്വർണം അടങ്ങിയ പൊതി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. ഉടൻ തന്നെ കൗലത്തിന് ഇത് കൈമാറുകയും ചെയ്തു. ഇതോടെയാണ് വീട്ടമ്മയ്ക്ക് ശ്വാസം നേരെ വീണത്. വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ചതിൽനിന്ന് സ്വരുക്കൂട്ടി വാങ്ങിയ സ്വർണം നഷ്ടമായില്ലെന്നറിഞ്ഞതിന്‍റെ ആശ്വാസത്തിലായിരുന്നു അവർ. വൈകാതെ ബസ് യാത്ര തുടരുകയും ചെയ്തു.