20 August, 2021 09:42:51 AM
മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ്
മാനന്തവാടി: ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്റ്റേഷനിൽ കോവിഡ് രോഗ വ്യാപനം. ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്ഐ മാരടക്കമുളളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഉൾപ്പെടുന്നുണ്ട്. രണ്ടാഴ്ചക്കാലയളവിനുള്ളിലാണ് 15 പേർ പോസിറ്റീവായി ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വന്നിരിക്കുന്നത്.
ഇനിയും രോഗലക്ഷണമുള്ള പോലീസുകാർ സ്റ്റേഷനിലുണ്ട്. അവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തി റിസൽട്ടിനായി കാത്തിരിക്കുകയാണ്. എസ്ഐ മാരുൾപ്പെടെ ക്വാറന്റൈനിൽ പോയതോടെ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന സ്ഥിതിവിശേഷവുമുണ്ട്. മാസങ്ങൾക്ക് മുന്പ് സ്റ്റേഷനിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റേഷൻ അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു.