13 August, 2021 04:24:49 PM


ഭാരവാഹികൾ ലൈംഗികമായി അധിക്ഷേപിച്ചു - എം എസ്എഫ് വനിതാ വിഭാഗം നേതാക്കൾ



കോഴിക്കോട്: എം എസ്എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ വനിത കമ്മീഷന് മുൻപിൽ പരാതിയുമായി  വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ രംഗത്ത്. എം എസ്എ ഫിൻ്റെ  വനിതാ വിഭാഗമായ ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ടാണ് പരാതി നൽകിയിട്ടുള്ളത്. സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.


എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എം എസ്എ ഫ് സംസ്ഥാന പ്രസിഡൻ്റ്  പി കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു.  അതിനാൽ പെണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്നാണ് ഹരിതാ പ്രവർത്തകർ  ആവശ്യപ്പെടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള പത്ത് വനിതാ നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്.

പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ...


"ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ ചെയർപേഴ്സൺ മുമ്പാകെ,

പരാതിക്കാർ

ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ( എം എസ് എഫ് വനിതാവിഭാഗം )

എതിർകക്ഷി
1.പി.കെ നവാസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്
2. വി അബ്ദുൽ വഹാബ്, സെക്രട്ടറി, എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി


വിഷയം: സ്ത്രീ വിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതി


സർ,
2206/2021ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തിരുന്നു. പ്രസ്തുത യോഗത്തിൽസംബന്ധിച്ച് കാര്യങ്ങളിൽ എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് വിദ്യാർത്ഥിനിസംഘടന വിഭാഗമായ 'ഹരിതയുടെ' അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ട് സംസാരിക്കവേ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ'ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളൻ ചിരിയോടെ "ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ, അത് പറയൂ" എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ വിശദീകരണംആവശ്യപ്പെട്ടത്. എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗികചുവയോടെ ചിത്രീകരിക്കുകയും ഞങ്ങൾക്ക് എതിരെ ദുരാരോപണങ്ങൾ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയാണ്.എം എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. മാത്രവുമല്ലസംഘടനക്കകത്തും പൊതു രംഗത്തും ഞങ്ങൾക്ക് വഴിപ്പെട്ടിട്ടില്ലെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. പല തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരമായി പ്രചരിപ്പിക്കുന്നു. ഹരിതയുടെനേതാക്കൾ പ്രസവിക്കാത്ത ഒരുപ്രത്യേക ഫെമിനിസ്റ്റുകൾ ആണെന്നും പ്രചാരണം നടത്തി പൊതു മധ്യത്തിൽ അപമാനിക്കുകയാണ്. പൊതു രംഗത്ത് പ്രവർത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയുംപ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് പൊതു രംഗത്തു പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെസംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
നേരത്തെ ഹരിതയുടെ വനിതാ പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന നിലപാടാണ്  സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സ്വീകരിച്ചത്. പരാതി നൽകിയിട്ടും പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് ഹരിതാ പ്രവർത്തകർ വനിതാ കമ്മീഷനെ സമീപിച്ചത്.
പരാതി ഗൗരവമായി കാണുന്നുവെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പ്രതികരിച്ചു. പൊതു സമൂഹത്തിന് നിരക്കാത്ത പരാമര്‍ശമാണ് നേതാക്കന്‍മാരുടെ ഭാഗത്തു നിന്നുണ്ടായത്. പരാമര്‍ശം നടത്തിയവര്‍ സംഘടനാ നേതൃത്വത്തിലിരിക്കുന്നത് ശരിയാണോ എന്ന് നേതൃത്വം പരിശോധിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരാതി പാര്‍ട്ടി പരിശോധിക്കുമെന്ന്  വനിതാ ലീഗ് നേതാവ് നൂര്‍ബിനാ റഷീദ് പറഞ്ഞു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K