03 August, 2021 04:34:46 PM
ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി മരിച്ച നിലയില്‍
കാസർഗോഡ്: ബദിയടുക്കയിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ. എക്സൈസ് കസ്റ്റഡിയിലെടുത്ത റിമാൻഡ് പ്രതി ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. കർണാടകയിൽ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന കരുണാകരന് കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൂർത്തിയാക്കും.
അതേസമയം, എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് കരുണാകരൻ മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, മർദ്ദനമേറ്റിട്ടില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ പറഞ്ഞു. ശാരീരിക അവസ്ഥകളെപ്പറ്റി ജയിലിൽ നിന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. നേരത്തെ തന്നെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.