27 July, 2021 07:19:38 PM
കണ്ണ് മൂടിക്കെട്ടി പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്; നഗരസഭാ ഓഫീസിനു മുന്നില്‍ റീത്ത് വച്ചു
കൊച്ചി: തൃക്കാക്കരയില്‍ നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ നഗരസഭാധികൃതര്‍ക്കെതിരെ കണ്ണ് മൂടിക്കെട്ടി പ്രതിഷേധവുമായി രഞ്ജിനി ഹരിദാസും സംഘവും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മൃഗസ്‌നേഹികളുടെ കൂട്ടായ്മ തൃക്കാക്കര നഗരസഭാ ഓഫീസിനു മുന്നില്‍ റീത്ത് വച്ചു.
നായ്ക്കളെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതിന് ഉത്തരവിട്ടവര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല. ആവശ്യപ്പെട്ടു. നായ്ക്കളെ കൊല്ലാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. തെരുവുനായ്ക്കളെ കൊലപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം കേരളത്തില്‍ നിലവിലില്ല. 50 രൂപ നല്‍കിയാല്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇതിന് മാറ്റം ഉണ്ടാകണം.
തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നൂറിലധികം തെരുവുനായ്ക്കളെ ആണ് കൊന്നു കുഴിച്ചു മൂടിയത്. മാലിന്യ സംസ്‌കരണ കേന്ദ്രം സെമിത്തേരിക്ക് സമാനമായി മാറിയതായും രഞ്ജിനി ഹരിദാസ് പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് അത് ലംഘിക്കുന്നത്. അതുകൊണ്ടാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. ചെയര്‍പേഴ്‌സണിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ചോദ്യം ചെയ്യാന്‍ ആണ് പോലീസിന്റെ തീരുമാനം . ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. കേസില്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറും പ്രതി ആകാനാണ് സാധ്യത. നായ്ക്കളെ കൊലപ്പെടുത്തിയ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു , രഞ്ജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥര്‍ കൂലി നല്‍കിയിരുന്നതായി ഇവര്‍ പൊലീസിനു നല്‍കിയ മൊഴിനല്‍കിയിട്ടുണ്ട്. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥര്‍ ആണെന്നും അറസ്റ്റിലായവര്‍ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറിയും മുന്നുപേരുടെയും മൊഴിയെടുത്തു. അമിക്യസ് ക്യൂറി രണ്ടു ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.