27 July, 2021 05:34:05 PM


കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന; ഇത്തവണ ഭൂഗർഭ ജല അതോറിറ്റി



കൊച്ചി: കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭ ജലഅതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത്തവണ പരിശോധന നടത്തിയത്. ജില്ലാ വികസന സമിതിയിൽ  പി ടി തോമസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി കിറ്റക്സ് മാനേജ്മെന്റ് അറിയിച്ചു.

കിറ്റക്സ് കമ്പനി അമിതമായി ജലം ഊറ്റുന്നുവെന്ന് പി ടി തോമസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജില്ല വികസന സമിതിയിൽ പി ടി തോമസ് പരാതി നൽകിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് കിറ്റക്സ് ആരോപിക്കുന്നത്. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കിറ്റക്സ് കമ്പനിയിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി. രേഖകളും പരിശോധിച്ചു. അതിനുശേഷമാണ് സംഘം മടങ്ങിയത്.

കിറ്റക്സ് കമ്പനിയിലെ ജല  ഉപയോഗത്തെക്കുറിച്ച്  വിവരങ്ങൾ നൽകണമെന്ന് ഭൂഗർഭ ജലഅതോറിറ്റി വിവരങ്ങൾ തേടിയിരുന്നു. എന്നാൽ കിറ്റക്സ് കമ്പനി നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ തേടിയത്. കമ്പനിയിലേക്ക്  വെള്ളം എടുക്കുന്നതിന് കിറ്റക്സ്  കമ്പനി ഭൂഗർഭ ജല അതോറിറ്റിയിൽ നിന്ന് എൻ ഒ സി വാങ്ങിയിരുന്നില്ല. എൻ ഒ സി എടുക്കണമെന്ന് കിറ്റക്സ് കമ്പനിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജല ഉപയോഗത്തെക്കുറിച്ച് പരിശോധന നടത്തുമെന്നും ഭൂഗർഭ ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

കിറ്റക്സ് കമ്പനിയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വ്യവസായ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന ഉണ്ടാകില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സർക്കാരും മന്ത്രിമാരും എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും അതൊന്നും നടപ്പാകില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഭൂഗർഭ ജല അതോറിട്ടിയുടെ പരിശോധന എന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ് പറഞ്ഞു.

കിറ്റക്സ് കമ്പനിയിൽ തുടർച്ചയായി പരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു 3500 കോടി രൂപയുടെ നിക്ഷേപ  പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടത് ഇല്ലെന്ന് കിറ്റക്സ് ഗ്രൂപ്പ് തീരുമാനിച്ചത്. ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി തെലങ്കാനയിൽ ആണ് കിറ്റക്സ് ആരംഭിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നാണ് നിക്ഷേപം നടത്തുന്നതിന് കിറ്റക്സ് കമ്പനിയെ ക്ഷണിച്ചത്. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ക്ഷണിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K