12 July, 2021 08:42:16 PM
നടുറോഡില്‍ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; രസകരമായി അടിക്കുറിപ്പ് മത്സരവും

ആലുവ: നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി പൊലീസ്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
'സാറേ നാടനാണ്, പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്‍റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്' എന്നായിരുന്നു ചിത്രത്തിന് ഷെഫ് സുരേഷ് പിള്ളയുടെ കമന്‍റ്.
'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ. ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്' എന്നായിരുന്നു ഒരു കമന്‍റ്. 'എന്‍റെ പൊന്നു സാറേ എന്‍റെ ഫോട്ടോ ഫേസ്ബുക്കിലിടരുത് ചിലര്‍ മോശമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
പെറ്റി എഴുതല്ലേ സാറെ ഞങ്ങള്‍ക്ക് മാസ്‌ക് വെക്കാന്‍ വകുപ്പില്ലെന്നായിരുന്നു മറ്റൊരു കമന്റ്. 'Sir. ഇവിടെ everything is under control ?? പിന്നെ എന്‍റെ mask ന്‍റെ കാര്യം ഒന്ന് പരിഗണിക്കണം നിങ്ങടെ mask എനിക്കങ്ങോട്ട് ഫിറ്റ് ആവുന്നില്ല' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.
'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്‍റ്. ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധരാളം കമന്റുകളാണ് എത്തുന്നത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍റെ ജീപ്പിനരികിലാണ് തെരുവ് നായ് കൈകള്‍ ഉയര്‍ത്തി നിന്ന് പ്രകടനം കാഴ്ചവെച്ചത്.




